ഓമനിക്കാനൊരു വസന്തമെങ്കിലും
ഓര്‍മ്മയില്‍ ശേഷിച്ചതെന്തിന്
നീളെ പരന്നോഴുകുന്നതെന്തിന്
മകരത്തണുപ്പിലെ കമ്പിളിച്ചൂടായ്
മൂടിപ്പുതപ്പിക്കുന്നതെന്തിന്
പിറക്കാത്ത പൈതലിനിളം
ചുണ്ടുകള്‍ കിനാവ് കണ്ടുനീ
കനിവോടെ മുലകളില്‍ സ്നേഹം ചുരത്തവേ,
പതഞ്ഞൊഴുകിയ പുതുനീര്‍ചാലുകള്‍
തണുത്തയിക്കിളിയായോരുന്മാദമായ്
തഴുകിത്തഴുകിയുണര്‍ത്തവേ,
കാട്ടുതീപോല്‍ പടര്‍ന്നൊടുവില്‍
നിനക്കായ് തളിരുപോല്‍ തളര്‍ച്ചകള്‍
നമ്മുടെ പൂന്തോട്ടത്തില്‍ പ്രണയം
വിരിഞ്ഞതൊരു ഡിസംബറില്‍
ഇറുത്തെടുത്തങ്കിലത് വാടിയാലോ
എന്നാധിയായ് ശങ്കകള്‍
വിശ്വകാവ്യങ്ങളില്‍ ദുരന്തം
ചമയ്ക്കാന്‍ കുരുതിയായ് പ്രണയം
ഏത് ബലിക്കല്ലില്‍
തലതല്ലിച്ചത്തത് നമ്മുടെ പ്രണയം
മൗനമായുത്തരങ്ങള്‍ പെറ്റുപെരുകവേ
മോഹങ്ങള്‍ വിറ്റുകിട്ടിയോരോട്ടുനാണയം
വിലയായ് നല്‍കിയീ പുനര്‍ജന്മത്തിനായ്
ഉറങ്ങാത്ത ഘടികാരങ്ങള്‍ കുറിച്ചത്
തിരികെവരാത്ത നേരവും കാലവും
കാലത്തിന്‍ രഥച്ചക്രമുരുണ്ടുപോകവേ
കാണാമറയത്തായ് ഗതകാലക്കാഴ്ചകള്‍
ഇന്നുനിന്‍ കണ്തടങ്ങളില്‍ കറുപ്പുരാശിയും
മുടിയിഴകളില്‍ വെളുപ്പുരാശിയും
കൊതിപ്പിച്ച നാലുകണ്ണുകളിലും
മഞ്ഞുകട്ടയുടെ തണുപ്പ്
നീയിപ്പോള്‍ ഏതോ പഴയ
ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം പോലെ