2010, ജനുവരി 2, ശനിയാഴ്‌ച

നിശബ്ദം, ഉച്ചത്തില്‍


വരണ്ടുണങ്ങി, തരിശായ
നിര്‍ജല ചിന്തകളേ
ഓര്‍മ്മകളുടെ ഇരുള്‍വീണ
പൊന്തക്കാട്ടില്‍ ചിലതൊക്കെ
ഇപ്പോഴും ഇഴഞ്ഞു നടക്കുന്നില്ലേ?
പുറത്തേക്കു തലനീട്ടി പല്ലിളിക്കുന്നില്ലേ?
കഴിഞ്ഞ കാലങ്ങളേ
നിലയില്ലാ കയങ്ങളേ
നിലാവില്ലാ രാവുകളേ
കലര്‍പ്പില്ലാത്ത ഒരു നോട്ടമോ
വിരിഞ്ഞ ചിരിയോ കാണാതെ
തണുത്തുറഞ്ഞ വ്യാമോഹക്കൂനകളില്‍
തട്ടിത്തടഞ്ഞു വീഴുന്നത്
നെഞ്ചത്തടിച്ചു കരയുന്നത്
വഴിക്ക് കുറുകെ എടുത്തു ചാടിയ
കറുത്ത പൂച്ചകള്‍ നിമിത്തമോ ?

ഇടിവെട്ടി കൊള്ളിയാന്‍ മിന്നുമ്പോള്‍
ആകാശക്കീറുകള്‍
ചില്ലുമേല്‍കൂര പോലെ
ചിന്നി ചിതറുമ്പോള്‍
നീല മേഘത്തുണ്ടുകള്‍
പ്രാണന് വേണ്ടി പിടയും
നീല വാനമേ നിന്‍റെ
മുഖക്കണ്ണാടികള്‍!
പ്രതിബിംബങ്ങള്‍ ഉടഞ്ഞ്‌
നാനാവിധമായിട്ടൊരു പുഴ
ഗദ്ഗദത്തോടെ പായുന്നുണ്ടാവും
പടിഞ്ഞാറു കടലിന്‍ മടിയിലേക്ക്‌
ഉമ്മവച്ചു കരയാന്‍
പേര്‍ത്തും പേര്‍ത്തും ചിണുങ്ങി
ആശ്ലേഷത്തില്‍ അമരാന്‍

കടല്‍കരയില്‍ തനിയെ
കാറ്റേറ്റ് ഇരിക്കുന്നവന്‍
ഇതൊന്നുമേ അറിയാത്തവന്‍
എന്നാര്‍ത്തുവിളിക്കരുത്
ഇരുള്‍ വീണ
പൊന്തക്കാടുകള്‍ ചികഞ്ഞ്‌
തണുത്തുറഞ്ഞ
വ്യാമോഹക്കൂനകളില്‍ കാലിടറി
കുറുകെ ചാടുന്ന
കറുത്തപൂച്ചകളെ ശപിച്ച്
നാണംകെട്ടു തലകുനിച്ചു നിന്ന
രണ്ടായിരത്തി '9' നു
വായ്കരിയിട്ട്‌
രണ്ടായിരത്തി പത്തേ
ഒടുക്കത്തെ പൂജ്യമേ
നീയെന്നെ നിന്നെപ്പോലെ
വട്ടത്തിലാക്കല്ലേ
നിശബ്ദം, ഉച്ചത്തില്‍ കേഴുന്നത്
ആരും കേള്‍ക്കണമെന്നില്ല
എങ്ങാനും പോയ്‌ തുലയ്
എന്നവനോട് ആരങ്കിലും
പറഞ്ഞിട്ടുണ്ടെങ്കില്‍
ആരുമാരും അറിയണമെന്നില്ല

നിര്‍ലജ്ജം തലകുനിച്ചു നിന്നൂ
രണ്ടായിരത്തി '9'
രണ്ടായിരത്തി പത്തേ
ഒടുക്കത്തെ പൂജ്യമേ
നീയെന്നെ നിന്നെപ്പോലെ
വട്ടത്തിലാക്കല്ലേ.....
Powered By Blogger

എന്നെക്കുറിച്ച്

ഈ ബ്ലോഗ് തിരയൂ