2009, നവംബർ 6, വെള്ളിയാഴ്‌ച

പ്രണയം മരച്ചുവട് വിട്ടിരിക്കുന്നു

കാറ്റ് മരച്ചില്ലകളില്‍ എന്തോ ചെയ്യുന്നുണ്ട്
ഇക്കിളിയിളക്കത്തിലവ മറന്നുവച്ച
മഴയെ കുടഞ്ഞെറിയുന്നുണ്ട്
പുല്‍നാമ്പുകള്‍ താഴെ തണുത്ത് കുതിരുന്നുണ്ട്
കാറ്റും മഴയും മരച്ചില്ലകളും പഴയതുപൊലെത്തന്നെ
മരച്ചുവട്ടിലെ പ്രണയമിനി പഴയതുപോലാകില്ല
അകാല നരയില്‍ വിഷാദിച്ച് 
സ്വപ്നം പറിച്ചെടുത്ത കണ്ണുമായ്‌ ‍
മറന്നുപോയ പാട്ടുകള്‍ മൂളി....

സിനിമയില്‍ നോവലില്‍ കവിതയില്‍
പണ്ടീമരംചുറ്റി ഓടിയതും പാടിയതും...
ഇന്നിപ്പോള്‍ പുറത്തിറങ്ങാന്‍ വയ്യ
പേരുചോദിക്കുന്നു, പതിയെ പേരിലെ
മതം അരിച്ചെടുക്കുന്നു.
അമര്‍ത്തിപ്പിഴിഞ്ഞതിനെ ചണ്ടിയാക്കുന്നു.
കണ്ണും കാതും മൂക്കുമില്ലാത്ത പ്രണയമേ
ഏതുപള്ളിയിലാണ് നീ കുര്‍ബാന കൊണ്ടത്‌
എവിടെ വച്ചാണ് നീ തൊപ്പിവച്ചത്, കുറി വരച്ചത്
ആദ്യം പേര് ചോദിച്ച് പിന്നെ പേരിലെ
മതം അരിച്ചരിച്ചെടുത്ത്......
പ്രണയ സമരമേ
പന്തയം പെണ്ണിനെ വച്ചുതന്നെ വേണം
എങ്കിലേ ചേല അഴിച്ചഴിച്ചെടുക്കാന്‍ പറ്റൂ.
എങ്കിലേ വെറുമൊരു സമരമായിരുന്ന നിന്നെ
വലിയ യുദ്ധമാക്കി ജയിക്കാന്‍ പറ്റൂ.
----------------------------------------------------
പ്രണയം മരച്ചുവട് വിട്ടിരിക്കുന്നു
ഇപ്പോള്‍ കാറ്റ് മരച്ചില്ലകളില്‍ ഒന്നും ചെയ്യുന്നില്ല
ഇക്കിളിയിളക്കത്തിലവ മറന്നു വെച്ച
മഴയെ കുടഞ്ഞെറിയുന്നില്ല
പുല്‍നാമ്പുകള്‍ താഴെ തണുത്ത് കുതിരുന്നില്ല

Link: http://www.koottam.com/profiles/blog/list?user=3fpn0zo402ybo
Powered By Blogger

എന്നെക്കുറിച്ച്

ഈ ബ്ലോഗ് തിരയൂ