2009, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

വലിയ പക്ഷിയും ചെറിയ ആകാശവും


പക്ഷപുടങ്ങളിലൊളിച്ചിരിക്കും
കൊടുങ്കാറ്റുമായ് വന്ന വലിയ പക്ഷീ
ഈ ചെറു വിഹായസ്സില്‍ ഇടം പോരുമോ
നിനക്കാചിറകൊന്നു വീശീത്തിമര്‍ക്കുവാന്‍
നിന്‍ അഭിവിശ്രുത ഗതിവേഗങ്ങള്‍,
സഞ്ചാര ലാവണ്യ, സൗകുമാര്യം
പ്രയാണ കൗശലങ്ങള്‍,
ഉഷ്ണവാതത്തെ തോല്പിച്ചു
കീഴടക്കിയ ആകാശങ്ങള്‍
അതിവര്‍ത്തിച്ച അമാവാസികള്‍
രാപാര്‍ത്ത ചില്ലകള്‍, ഉഷസ്സുകള്‍ അസ്തമനങ്ങള്‍
കനല്‍ തിളക്കും കണ്ണുമായ് കണ്ട മാമാങ്കങ്ങള്‍

വെറുമൊരു കൗതുകത്തിന്‍റെ കുതൂഹലമാകിലും
നിന്‍ വലിയ ചിറകുകള്‍ അളന്നെടുക്കുന്നൂ
ഈ ചെറു വിഹായസ്സിന്‍ ഇത്തിരി വട്ടം
പഞ്ചവര്‍ണ്ണക്കിളീ നീ അഴകാണ്, അലയാണ്...........
ഇല്ല ആകുന്നില്ല, ഭംഗി കുറിക്കുവാന്‍ ഭയം
തടയുന്നൂ ചൂണ്ടുവിരലിനെ.

ഇവിടെയീ ചെറിയ മാനത്ത് വെറും
വെറുതെയൊന്നു പറക്കാന്‍ കൊതിക്കുന്ന
ചെറുകിളികളുണ്ടവ ബഹുവര്‍ണ്ണ
വൃത്തങ്ങളില്‍ അഭിരമിച്ചിട്ടില്ല
ചതുഷ്ക്കോണങ്ങളില്‍ ഇളം കാറ്റേറ്റിരുന്നിട്ടില്ല
ഗദ്യത്തിന്‍റെ ത്രിമാനങ്ങള്‍ തീര്‍ത്തിട്ടില്ല
വക്രരേഖകളിലൂടെ ചില
''അനര്‍ത്ഥവേളകളിലെ'' കുറിയ
അപഥ സഞ്ചാരങ്ങള്‍ മാത്രം.
വലിയ പക്ഷികള്‍ ദീപ്തമാക്കട്ടെ
ഈ ചെറു വിഹായസ്സ്
പക്ഷെ ഒരു പണിക്കരും ഗണിച്ചേക്കരുത്
പറക്കലും പക്ഷികളും ഇങ്ങിനെയല്ലെന്ന്

2009, ഒക്‌ടോബർ 18, ഞായറാഴ്‌ച

തടവുകാരന്‍

പ്രിയേ നീ നിന്റെ
ഹൃദയ വാതിലുകള്‍ എനിക്കായ്‌ തുറക്കുക
അതിന്‍ ചുമരിലെന്‍ പേര്‍ കൊത്തിവെക്കണം
മായാതെ കിടക്കണമത് മരണം വരെ
നിന്റെ ഉള്ളില്‍ ഞാനുണ്ടാവുക
അതില്‍‍പരമെന്തെനിക്കീ ജന്മത്തില്‍...

അവളപ്പോള്‍ പറഞ്ഞതിങ്ങനെ; പ്രിയാ
ഒരു വേള നീ അറിഞ്ഞു കാണില്ല
അന്ധനായ ഭ്രാന്തനെപ്പോലൊരുനാള്‍
എന്റെ ഹൃദയ വാതില്‍ പൊളിച്ചുള്ളില്‍കടന്നത്‌
നിന്റെ നഖപ്പാടുകള്‍, നിശ്വാസങ്ങള്‍,
കിനാവുകള്‍ എല്ലാമെന്നുളളിലാണിപ്പോള്‍
നിന്റെ പരാക്രമം എന്നെ ചകിതയാക്കുന്നു
വന്ന വേഗത്തില്‍ നീ പുറത്തേക്ക് പോകുമോ?
എന്റെ ഹൃദയത്തിനിപ്പോള്‍ വാതിലുകളേയില്ല
ആരുമിനി അകത്തു വരേണ്ട പുറത്തേക്കും
വാതിലുകള്‍ അകത്തേക്ക് കയറാന്‍ മാത്രമല്ല
പറത്തേക്കു പോകാന്‍ കുടെയെന്നതാണ് സത്യം
------------------------------------------------------
ഇപ്പോള്‍ ശ്വസിക്കുന്നത് തടവറയുടെ ഗന്ധം,
സംസാരിക്കുന്നത് തടവറയുടെ മൌനത്തോട്

2009, ഒക്‌ടോബർ 14, ബുധനാഴ്‌ച

ദുര്‍ഗന്ധം

നുരയുന്ന മദ്യം
നുരയുന്ന ജീവിതം
പതമാറ്റി ചുണ്ടില്‍
വച്ചപ്പോള്‍ എരിച്ചില്‍
ആദ്യമൊരു ലഹരി
പിന്നെയതൊരു ശീലം
പോകെ പോകെ കുടിക്കുന്നത്
ആര്‍കാനും വേണ്ടിയോക്കാനിക്കാന്‍
ഇപ്പോള്‍ കുടിക്കാനില്ല കൊതി ജീവിക്കാനും
ആര്‍കാനും വേണ്ടി ജീവിച്ച് ജീവിച്ച്
ഓക്കാനമാണോ ജീവിതമാണോ
ഇതെന്നശങ്കയില്‍ അങ്ങിനെ....

ജീവിച്ചു തീര്ത്തതിന്റെ
ജീര്‍ണിക്കാത്ത അവശിഷ്ടങ്ങള്‍
അസഹ്യമായ ദുര്‍ഗന്ധം
പരത്തുന്നതുകൊണ്ടാവാം
ആളുകള്‍ തമ്മില്‍ കൂടുതല്‍
അടുക്കാത്തതും പെട്ടന്നകലുന്നതും

2009, ഒക്‌ടോബർ 11, ഞായറാഴ്‌ച

കാണാതെപോകുന്ന പ്രളയങ്ങള്‍

ഫിലിപ്പിനോ പെണ്ണിന്റെ മുഖത്തെ
ഇളകിപ്പോയ കുമ്മായ കൂട്ടിനുമേല്‍‍
രണ്ടു നീര്‍ച്ചാല്‍
ഞാനാരാഞ്ഞു കുട്ടീ എന്തുപറ്റി?
യുദ്ധം പോലെയെത്രേ പ്രളയവും
ചിലപ്പോള്‍ ഒന്നും ബാക്കി വച്ചേക്കില്ല
പ്രിയപ്പെട്ട ബന്ധങ്ങളും ഈടുവെപ്പുകളും

നീര്‍ച്ചാലുകള്‍ പുഴകളായി
വാക്കുകള്‍ പുഴയിലൂടൊഴുകിപ്പോയീ
ആരുമൊന്നുമാരാഞ്ഞുകാണില്ല ഇതുവരെ
വീര്‍ത്തുകെട്ടിന് പൊട്ടാനൊരു
കൊത്താരും കൊടുത്തുകാണില്ല
അഭയാര്ത്ഥി പെണ്കുട്ടീ
നിന്റെ മുഖമാണ് നിന്റെ ഉടല്‍
കൂടുതല്‍ ഭാവങ്ങള്‍ വിരിയുന്നതും അവിടെത്തന്നെ
എല്ലാ കൊച്ചുവര്ത്തമാനങ്ങളും അതിനോടുതന്നെ
അതുകൊണ്ടാരും കണ്ടുകാണില്ല
നിന്റെ മുഖത്തെ പുഴകളും പ്രളയവും

2009, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

സാന്തിയാഗോയും മലര്‍പൊടിക്കാരനും

കാലംകെട്ട നേരത്ത്‌
കോലംകെട്ടൊരു പകലില്‍
വെറുതെയിരിക്കുമ്പോള്‍
പ്രപഞ്ചോത്ഭവം മനസ്സിന്റെ
പദപ്രശ്നമാകയാല്‍
മലര്‍പൊടിക്കാരന് മിമിക്രിക്കാരന്റെ
സിനിമ നിര്‍ത്തി നടന്നു നിധി തേടി
സാന്തിയാഗോ പോയ വഴിയെ.

വഴിവക്കില്‍ കണ്ടെതെയില്ലയൊരു
ജിപ്സിതള്ളയെയും
കണ്ടസ്വപ്നത്തിനൊരു നേര് നെയ്യാന്‍
എവിടെയാണാവോ അല്കെമിസ്റ്റ്
ഉരുക്കിയുണ്ടാക്കണം സ്വര്‍ണമിട്ടുമൂടുവാന്‍
തിരഞ്ഞതൊടുവില്‍ എത്തി
ഇരുമ്പ് പരത്തുമൊരു കൊല്ലനരികില്‍
ഉലയിലും ഉള്ളിലും വേവുന്ന ചൂടില്‍
ആലവിട്ടോടിയ കൊല്ലന്‍ ചത്ത്താകാം
ആരേലും തല്ലിക്കൊന്നതാകാം.

യാത്രയുടെ മുക്കൂട്ടയിലെപ്പോഴോ,
നഷ്ട്ടങ്ങളുടെ മുള്ളുവേലിയില്‍
ഉണക്കാനിട്ട സ്വര്‍ണക്കസവുള്ള
പട്ടു ചേലപോലൊരുവള്‍
സാന്തിയാഗോ നീ കണ്ട പെണ്ണിനും
ഞാന്‍ കണ്ട പെണ്ണിനും പേരൊന്ന് ഫാത്തിമ.
തോളത്തിട്ടു നടക്കുന്നൂ അറിയില്ല
വിധിയേത് നിധി ഏതെന്നതിപ്പോഴും.

2009, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

പ്രാക്ക്

പ്രാക്ക് കേട്ടുകൊണ്ടാണുണരല്‍ 
പാത്രങ്ങളുടെ കൂട്ടപ്പോരിച്ചലിനിടയില്‍ പ്രാതല്‍
അടുക്കളയിലെ കലാപത്തിനറുതിയില്ല
ഇതവളുടെ പ്രദര്‍ശന സമയം
ആദ്യം ശൂന്യമായ ഉപ്പു പാത്രം
പിന്നെ മുളക് അങ്ങിനെയൊരൊന്നായ്
മഴവന്നാലകമൊരു കുളം
ഓടു മാറ്റാനിനിയാശാരി വരില്ല
പണ്ടായാള്‍ വീണത്‌ പട്ടിക മാറ്റാതെ
കുട്ടിക്ക്‌ തട്ടിക്കളിക്കാനൊരു പന്തില്ല
മോള്‍ക്ക്‌ തലയില്‍ ചൂടാന്‍
മുറ്റത്ത് പൂവിരിയുന്നൊരു ചെടിയില്ല
ഉള്ളതോ കയ്തമുള്ളിന്റെ കുരുത്തക്കേട്
താഴോട്ടോ മേലോട്ടോ വയ്യ
എന്നിങ്ങനെയെന്നാല്‍ ഞാനോ
ചെവിയടഞ്ഞവന്‍ പൊട്ടന്‍
പടിക്കെലൊരു കീ കീ
ധാ വരുന്നൂ ഞാനീ
മുറിബീടിയോന്നു പുകച്ചോട്ടെ
എല്ലാം കഴിഞ്ഞവള്‍ ആറി
വളയൂരുമ്പോളൊരു മര്‍മരം
ഇനി ഞാന്‍ മാത്രമേ ഉള്ളൂ ബാക്കി
ഞാനും പണയപ്പെടുമോ എന്തോ?
--------------------------------------
ഉണക്ക റൊട്ടി ചാറില്‍ മുക്കുമ്പോള്‍
തീരുമാനിച്ചു ഞാന്‍ നാട്ടിലേക്കില്ല
Powered By Blogger

എന്നെക്കുറിച്ച്

ഈ ബ്ലോഗ് തിരയൂ