2009, നവംബർ 6, വെള്ളിയാഴ്‌ച

പ്രണയം മരച്ചുവട് വിട്ടിരിക്കുന്നു

കാറ്റ് മരച്ചില്ലകളില്‍ എന്തോ ചെയ്യുന്നുണ്ട്
ഇക്കിളിയിളക്കത്തിലവ മറന്നുവച്ച
മഴയെ കുടഞ്ഞെറിയുന്നുണ്ട്
പുല്‍നാമ്പുകള്‍ താഴെ തണുത്ത് കുതിരുന്നുണ്ട്
കാറ്റും മഴയും മരച്ചില്ലകളും പഴയതുപൊലെത്തന്നെ
മരച്ചുവട്ടിലെ പ്രണയമിനി പഴയതുപോലാകില്ല
അകാല നരയില്‍ വിഷാദിച്ച് 
സ്വപ്നം പറിച്ചെടുത്ത കണ്ണുമായ്‌ ‍
മറന്നുപോയ പാട്ടുകള്‍ മൂളി....

സിനിമയില്‍ നോവലില്‍ കവിതയില്‍
പണ്ടീമരംചുറ്റി ഓടിയതും പാടിയതും...
ഇന്നിപ്പോള്‍ പുറത്തിറങ്ങാന്‍ വയ്യ
പേരുചോദിക്കുന്നു, പതിയെ പേരിലെ
മതം അരിച്ചെടുക്കുന്നു.
അമര്‍ത്തിപ്പിഴിഞ്ഞതിനെ ചണ്ടിയാക്കുന്നു.
കണ്ണും കാതും മൂക്കുമില്ലാത്ത പ്രണയമേ
ഏതുപള്ളിയിലാണ് നീ കുര്‍ബാന കൊണ്ടത്‌
എവിടെ വച്ചാണ് നീ തൊപ്പിവച്ചത്, കുറി വരച്ചത്
ആദ്യം പേര് ചോദിച്ച് പിന്നെ പേരിലെ
മതം അരിച്ചരിച്ചെടുത്ത്......
പ്രണയ സമരമേ
പന്തയം പെണ്ണിനെ വച്ചുതന്നെ വേണം
എങ്കിലേ ചേല അഴിച്ചഴിച്ചെടുക്കാന്‍ പറ്റൂ.
എങ്കിലേ വെറുമൊരു സമരമായിരുന്ന നിന്നെ
വലിയ യുദ്ധമാക്കി ജയിക്കാന്‍ പറ്റൂ.
----------------------------------------------------
പ്രണയം മരച്ചുവട് വിട്ടിരിക്കുന്നു
ഇപ്പോള്‍ കാറ്റ് മരച്ചില്ലകളില്‍ ഒന്നും ചെയ്യുന്നില്ല
ഇക്കിളിയിളക്കത്തിലവ മറന്നു വെച്ച
മഴയെ കുടഞ്ഞെറിയുന്നില്ല
പുല്‍നാമ്പുകള്‍ താഴെ തണുത്ത് കുതിരുന്നില്ല

Link: http://www.koottam.com/profiles/blog/list?user=3fpn0zo402ybo

16 അഭിപ്രായങ്ങൾ:

എം പി.ഹാഷിം പറഞ്ഞു...

good

Umesh Pilicode പറഞ്ഞു...

കൊള്ളാം മാഷെ

smiley പറഞ്ഞു...

ചാറ്റൽ,

തികച്ചും ഉചിതം.

ഇപ്പോൾ നമ്മുടെ നാട്ടിൽ ഹിന്ദു മൽസ്യവും, മുസ്ലിം മൽസ്യ്‌വും ലഭിക്കും എന്നു തോന്നുന്നു.. അംബലവും, പള്ളീകളും ജനം കയ്യൊഴിഞ്ഞപ്പോൾ പുതിയ മാർക്കറ്റിംഗ്‌ തന്ത്രങ്ങൾ പാർട്ടി അവതാരങ്ങളാകുന്നു.. എന്തു ആരൊപിച്ചാലും എല്ലാം ശരി എന്ന മാധ്യമ ധർമ്മവും കൂടെ കൂട്ടിയാൽ ചിത്രം പൂർണ്ണമാകുന്നു... സേൻസേഷനു പിറകെ പായുന്ന് ഇക്കാലത്തെ പത്ര ധർമ്മം കത്തി വക്കുന്നതു നാട്ടിലെ കൂട്ടയ്മകളിൽ ആണു.. എല്ലാ അടികളും ഏറ്റു വാങ്ങാൻ ചെണ്ടതോലുകൾ ബാക്കിയിരിക്കട്ടെ...

വളരെ അർത്ഥവത്താണു ഈ കവിത... ഈ കാലഘട്ടത്തിനു സമർപ്പിക്കാം...

രാജേഷ്‌ ചിത്തിര പറഞ്ഞു...

പ്രണയം മരച്ചുവട് വിട്ടിട്ടു കാലമേറെയായില്ലേ ചങ്ങാതി
ഫ്ലാറ്റ്കളിലേക്കും , കാറിന്റെ പിന്‍ സീറ്റിലേക്കും
മാറിയ പ്രണയം ; വല്ലപ്പോഴും പേരുകള്‍ തിരിച്ചറിയുന്നു
നല്ല ചിന്തകള്‍

അജ്ഞാതന്‍ പറഞ്ഞു...

അല്ലെലും ഈ പരസ്പരം പേരു ചൊദിചിട്ടീക്കളി തുടങ്ങീട്ടൊരുപാട് ആയി...
പക്ഷെ, ലിപ്പൊ ലതല്ലല്ലൊ...അഭിനവ സധാചാരക്കാര്‍ കൂടി തെളിവെടുപ്പു നടത്തും.....

നമുക്ക് നഷ്ട്ടപ്പെട്ടുക്കൊന്റിരിക്കുന്ന പ്രണയത്തിന്റെ ശവപ്പെട്ടിയില്‍ ഒരു ആണീ കൂടി....

നന്നായി മാഷെ...

smiley പറഞ്ഞു...

ഇവിടെ കൊണ്ട് തീരുന്നില്ല ഈ ജാതി ചിന്ത.. എ ആര്‍ റഹ്മാനും, രസൂ‌ളിനും ഓസ്കാര്‍ കിട്ടിയപ്പോള്‍ അവര്‍ പാകിസ്താന്‍ ചാരന്മാര്‍ ആയതു കൊണ്ടാണ് എന്ന് പറഞ്ഞ രാജ്യ സ്നേഹിയെ കണ്ടു ഞാനും ഞെട്ടിയിട്ടുണ്ട്.. ഈ ലിങ്ക് നോക്കു..
http://thatsmalayalam.oneindia.in/comment/2009/05/742.ഹ്ത്മ്ല്‍

വിമര്‍ശനം സഹിക്ക വയ്യാതായപ്പോള്‍ അയാള്‍ കമ്മന്റ് പിന്‍വലിച്ചു എന്നാണു എനിക്ക് തോന്നുന്നത് എന്തായാലും അതിന്റെ ബാക്കി പത്രം മറ്റു കമ്മന്റ്കളില്‍ കാണാം...

smiley പറഞ്ഞു...

http://thatsmalayalam.oneindia.in/news/2009/02/23/world-two-oscar-for-ar-rahman.html

ഒരു നുറുങ്ങ് പറഞ്ഞു...

കാലോചിതം ഈ പ്രമേയം!ജാഗ്രതക്കാര്‍ ചുറ്റിലുമുണ്ടാവും,കൈപൊള്ളാതെ
ശ്രദ്ധിച്ചോണം!പ്രണയത്തിന്‍റെ അകിടില്‍നിന്നു ഈ ജാതിക്കോമരങ്ങള്‍
വലിച്ചൂറ്റുന്നത് ചെഞ്ചോരയാണു!

ചാറ്റല്‍ പറഞ്ഞു...

ഹാഷിം, ഉമേഷ്‌, സ്മയിലി, മഷിത്തണ്ട്, കൊച്ചുതെമ്മാടി, ഒരു നുറുങ്ങ്, വായിച്ചതിനും വിലപ്പെട്ട അഭിപ്രായങ്ങള്‍ക്കും നന്ദി.

സ്മയിലിയുടെ രോഷം മനസ്സിലാകുന്നു, അതിനു ഹേതുവായത്തില്‍ സന്തോഷം.

മഷിത്തണ്ടേ: പ്രണയം നമ്മുടെ ഉള്ളിലുള്ള തണല്‍ മരം വിട്ടു പോകാതിരിക്കട്ടെ.

കൊച്ചുതെമ്മടീ: പ്രണയം എല്ലാം അതിജീവിക്കും, കാലം തെളിയിച്ചിട്ടുണ്ട്, എത്ര ആണിയടിച്ചാലും എല്ലാ പൂച്ചും പൊളിച്ചു പുറത്ത് ചാടും തീര്‍ച്ച.

ഒരു നുറുങ്ങെ: കത്തിക്കരിഞവന് കൈ പൊള്ളുമെന്നു പേടിക്കാനുണ്ടോ?

ജാതിക്കോമരങ്ങള്‍
വലിച്ചൂറ്റുന്നത് ചെഞ്ചോരയാണ് കാരണം
"ക്ഷീരമുള്ളോരു പശുവിന്‍ അകിട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം

നീലാംബരി പറഞ്ഞു...

പെട്ടെന്നു മനസ്സിലേക്കോടിയെത്തിയത് എസ്.ജോസഫിന്റെ ഒരു കവിതയാണ്‌
'പൂവുകള്‍ക്കെന്തിനു പേരുകള്‍ '
കവിത അവസാനിക്കുന്നത്
'കാമുകിമാര്‍ക്കെന്തിനു പേരുകള്‍
കാമുകിമാരെന്നല്ലാതെ' എന്നാണ്‌.
ഇപ്പോള്‍ പ്രണയത്തിനു പേരുമാത്രമല്ല ജാതി, മതം, നാള്‌, പൊരുത്തം,സാമ്പത്തികം അങ്ങനെ മാനദണ്ഡങ്ങള്‍ പലതാണ്‌. ഒടുവില്‍ നഷ്ടപ്പെടുന്നതെന്തോ അതാകുന്നു പ്രണയം.
വ്യവസ്താപിതമായ ഇത്തരം പ്രണയത്തിനു സ്വന്താമായെന്തുണ്ട്?
പ്രണയികളുടെ നയപ്രഖ്യാപനങ്ങളുടെയും രൂപഭാവങ്ങള്‍ മാറിയിരിക്കുന്നു. അതുകൊണ്ടു തന്നെ
പ്രണയം മരച്ചുവട് വിട്ടിരിക്കുന്നു...

അജ്ഞാതന്‍ പറഞ്ഞു...

മാഷേ,
പ്രണയം പോലും അറേഞ്ച്ഡ് ആകുന്ന ഈ കാലത്തെ ഒരു വാങ്മയ രൂപമാക്കി മാറ്റാന്‍ അങ്ങേയ്ക്ക് കഴിഞ്ഞിരിക്കുന്നു. മരം ചുറ്റലെല്ലാം ഗതകാലസ്മരണകളായി അവശേഷിപ്പിച്ചു കൊണ്ടുള്ള ആധുനികപ്രണയത്തിന്റെ അന്ത്യം പലപ്പോഴും സഭ്യതകളെ ലംഘിച്ച് കൊണ്ട് വഴിതെറ്റിയൊഴുകുകയാണ്. എന്തുപറ്റി നമ്മുടെ പുതുതലമുറയ്ക്ക്.

കവിത മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങള്‍!

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

പേരുചോദിക്കുന്നു, പതിയെ പേരിലെ
മതം അരിച്ചെടുക്കുന്നു.

പ്രിയ മിത്രമേ ,

‍ഇവിടെ വന്നതിനുശേഷം മാത്രം അനുഭവിച്ചിട്ടുള്ളത് ..
സലാം ചൊല്ലുമ്പോള്‍ മുഖത്ത്‌ ഉദിച്ചു കാണുന്ന സൗഹൃദപൂത്തിങ്കള്‍
പേര് കേള്‍ക്കുമ്പോള്‍ ഒളിമങ്ങിപ്പോകുന്നത് ....
കണ്ണുകളാല്‍ ഒന്ന് കൂടി ഉഴിഞ്ഞു നോക്കുന്നത് ..
എന്നിട്ടും പോരാതെ ചിലര്‍ തുറന്നു ചോദിക്കയും
അപ്പോള്‍ ഞാനറിയുന്നു
മതം പ്രണയത്തിനു മാത്രമല്ല
സൗഹൃദത്തിനും അളവുകോലാകുന്നു എന്ന്

പരിഭവമുണ്ട് ..ഈ കവി ഇന്ന് വരേയ്ക്കും എന്നില്‍ നിന്നും ഒളിഞ്ഞു നിന്നതില്‍ ..

വരികള്‍ കാലീക പ്രസക്തിയുള്ളത് .. ആധുനീകതയുടെ അതിപ്രസരത്താല്‍ മരണമടഞ്ഞ പ്രണയത്തിന്റെ ശവപ്പെട്ടിമേല്‍ അവസാനത്തെ ആണി കൂടി അടിക്കപ്പെട്ടിരിക്കുന്നു .... കേള്‍ക്കുമ്പോള്‍ വേദന തോന്നുന്നു .

ശ്രീ പറഞ്ഞു...

നന്നായിരിയ്ക്കുന്നു

ചാറ്റല്‍ പറഞ്ഞു...

നീലാംബരീ നന്ദിയുണ്ട് പ്രണയം മരച്ചുവട് വിട്ടിരിക്കുന്നു എന്ന്‍ ശരിവച്ചതിനോട്. എസ്.ജോസഫിന്‍റെ ഒരു കവിത വായിച്ചിട്ടില്ല എവിടെ എങ്ങിനെ എന്ന് പറഞ്ഞാല്‍ കണ്ടെത്തിക്കോളാം വായിച്ചോളാം.
.
Maths Blog ടീമിന്‍റെ അഭിനന്ദനങ്ങള്‍ സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു. വന്നതിനും വായിച്ചതിനും നന്ദി.

ശാരദാനിലാവേ ഇനി പരിഭവം വേണ്ട നമ്മള്‍ തൊട്ടാലെത്തുന്ന ദൂരത്തല്ലേ. നന്ദി

ശ്രീ വന്നില്ലെങ്കില്‍ പറഞ്ഞില്ലെങ്കില്‍ എഴുതിയതിനെന്തോ കാര്യമായ കുഴപ്പമുണ്ടെന്നു (ഇപ്പോഴും ഇല്ലന്നെല്ല) മനസ്സിലാക്കാം. അഭിപ്രായത്തിന് നന്ദി.

കമന്റിയവര്‍ക്കെല്ലാം വീണ്ടും നന്ദി ഇനിയും വരികയും ഇഷ്ടം മാത്രമല്ല ഇഷ്ടക്കേടും അറിയിക്കണമെന്ന് അപേക്ഷ.

ഖാദര്‍ പറഞ്ഞു...

പഴയ ജന്നത്തുല്‍ ഫിര്‍ദൌസിന്റെ പരസ്യം കണ്ടിട്ടുണ്ടോ? അതിലൊരു വാചകമുണ്ട്. ‘ഒളിച്ച് വെച്ചാലും ഒളിച്ചിരിക്കില്ല‘ പ്രണയവും അതുപോലെയല്ലേ?

ഗീത പറഞ്ഞു...

പേരുചോദിക്കുന്നു, പതിയെ പേരിലെ
മതം അരിച്ചെടുക്കുന്നു.

പേരില്‍ നിന്ന് മതം വെളിവാകാത്തവിധമുള്ള പേരുകള്‍ സ്വീകരിക്കാം നമുക്ക്. നല്ല കവിത.

Powered By Blogger

എന്നെക്കുറിച്ച്

ഈ ബ്ലോഗ് തിരയൂ