2009, നവംബർ 20, വെള്ളിയാഴ്‌ച

പച്ചയും ചോപ്പും

കിതച്ചു വിറച്ചു
വണ്ടികള്‍ നിന്നത്
ചുവന്ന വെളിച്ചം ഭയന്ന്‍
ലോഹക്കൂടിനുള്ളില്‍
അലക്കിത്തേച്ച ചിരികളുണ്ട്
മുഷിഞ്ഞു പിഞ്ഞിയ കരച്ചിലുണ്ട്
കൊഞ്ചല്‍ നുണഞ്ഞും
കിനാക്കള്‍ കൊറിച്ചും
തേങ്ങലമര്‍ത്തിയും
കണ്ണുകലങ്ങി, നനഞ്ഞും
കലര്‍ന്നും, പിണഞ്ഞും

പച്ചവെളിച്ചതില്‍
ഒരേ ശ്വാസത്തില്‍
ഒരേ മുരള്‍ച്ചയില്‍
ഒരേ കുതിപ്പാണ് വണ്ടികള്‍
ചിലത്, ദുരിതങ്ങളുടെ
കലങ്ങിയ കാഴ്ചകളിലേക്ക്
മറ്റുചിലത് ഉത്സവങ്ങളുടെ
ഉത്സാഹങ്ങളിലേക്ക്
ഉഷ്ണത്തിന്റെ കറുത്ത
നാവിലൂടെ രണ്ടു വണ്ടികള്‍
ഒന്നില്‍ ഞാനും മറ്റേതില്‍ അലി മന്സൂറും


കടലെണ്ണയുടെ മണമില്ലാത്തവന്‍,
അശാന്തമായ അരക്കെട്ടില്‍
പയ്ജാമക്കുള്ളിലൊരു
തൊട്ടിലാട്ടി നടക്കാത്തവന്‍
ഗോതമ്പ് പാടത്തിന്റെ സ്വര്‍ണ നിറത്തെക്കുറിച്ച്
മഞ്ഞുകാലത്തെ ചുംബനത്തെക്കുറിച്ച്
മകന്റെ ഇഷ്ടങ്ങളെ, കുസൃതികളെക്കുറിച്ച്
ആപ്പിള്‍ തോട്ടത്തിലെ ഒഴിവുകാല രാവുകളിലെ
ആസക്തികളെ, അനുഭൂതികളെ‍ക്കുറിച്ച്
മണ്മറഞ്ഞ മുത്തച്ചന്റെ
ലാല്‍ ചൗക്കിലെ പലഹാരക്കട,
ദല്‍ഹിയിലെ നേരില്‍കാണാത്ത ബന്ധുക്കള്‍,
വാക്കുകള്‍ ഇടറും, തൊണ്ട വരളും.


എന്തുനല്ല സ്റ്റോക്ക്‌ മാര്‍കറ്റ്‌
എത്ര നല്ല സിനിമകള്‍, സിനിമാ നടികള്‍
എത്ര മതങ്ങള്‍, ജാതികള്‍, ഭാഷകള്‍
മതിയാവോളം കലഹിച്ച്
മതിയാവോളം സ്നേഹിച്ചും നിങ്ങള്‍
വെടിവച്ചും ബോംബു പൊട്ടിച്ചും
ഞങ്ങളീ പാക്കിസ്ഥാനികള്‍, ഛെ
തോരാതെ പറഞ്ഞും, കരഞ്ഞും
തോരാതെ സ്നേഹിച്ചും അലി മന്‍സൂര്‍


എന്നെക്കാത്ത് മോനും മോളുമുണ്ടാവും
നെടുമ്പാശ്ശേരിയില്‍,
അവര്‍ക്കുള്ള കളിക്കോപ്പുകള്‍
പെട്ടിയില്‍ കിടന്നു കുറുകുന്നുണ്ട്
തലകുത്തി മറിയുന്നുണ്ട്

അലി മന്‍സൂര്‍ പോകുന്നത് പള്ളിയിലേക്ക്
വെള്ള പുതച്ചു കിടത്തിയിട്ടുണ്ടാവും മകനെ
ബോംബിനു കണ്ണുണ്ടായിരുന്നെങ്കില്‍
കരളുണ്ടായിരുന്നങ്കില്‍ പൊട്ടില്ലായിരുന്നു
കുരുന്നുകള്‍ക്കിടയില്‍, ചിതറില്ലായിരുന്നു
പൊതിച്ചോറും, പുസ്തക സഞ്ചിയും
പകുതിയില്‍ മുറിഞ്ഞു പോകില്ലായിരുന്നു
പുലര്‍കാലം മഞ്ഞുതുള്ളിയെ പ്രണയിച്ച
അവരുടെ പാട്ടുകള്‍

എന്നെക്കാത്ത് മോനും മോളുമുണ്ടാവും
നെടുമ്പാശ്ശേരിയില്‍,
അവര്‍ക്കുള്ള കളിക്കോപ്പുകള്‍
പെട്ടിയില്‍ കിടന്നു കുറുകുന്നുണ്ട്
തലകുത്തി മറിയുന്നുണ്ട്
Powered By Blogger

എന്നെക്കുറിച്ച്

ഈ ബ്ലോഗ് തിരയൂ