2010 ജനുവരി 2, ശനിയാഴ്‌ച

നിശബ്ദം, ഉച്ചത്തില്‍


വരണ്ടുണങ്ങി, തരിശായ
നിര്‍ജല ചിന്തകളേ
ഓര്‍മ്മകളുടെ ഇരുള്‍വീണ
പൊന്തക്കാട്ടില്‍ ചിലതൊക്കെ
ഇപ്പോഴും ഇഴഞ്ഞു നടക്കുന്നില്ലേ?
പുറത്തേക്കു തലനീട്ടി പല്ലിളിക്കുന്നില്ലേ?
കഴിഞ്ഞ കാലങ്ങളേ
നിലയില്ലാ കയങ്ങളേ
നിലാവില്ലാ രാവുകളേ
കലര്‍പ്പില്ലാത്ത ഒരു നോട്ടമോ
വിരിഞ്ഞ ചിരിയോ കാണാതെ
തണുത്തുറഞ്ഞ വ്യാമോഹക്കൂനകളില്‍
തട്ടിത്തടഞ്ഞു വീഴുന്നത്
നെഞ്ചത്തടിച്ചു കരയുന്നത്
വഴിക്ക് കുറുകെ എടുത്തു ചാടിയ
കറുത്ത പൂച്ചകള്‍ നിമിത്തമോ ?

ഇടിവെട്ടി കൊള്ളിയാന്‍ മിന്നുമ്പോള്‍
ആകാശക്കീറുകള്‍
ചില്ലുമേല്‍കൂര പോലെ
ചിന്നി ചിതറുമ്പോള്‍
നീല മേഘത്തുണ്ടുകള്‍
പ്രാണന് വേണ്ടി പിടയും
നീല വാനമേ നിന്‍റെ
മുഖക്കണ്ണാടികള്‍!
പ്രതിബിംബങ്ങള്‍ ഉടഞ്ഞ്‌
നാനാവിധമായിട്ടൊരു പുഴ
ഗദ്ഗദത്തോടെ പായുന്നുണ്ടാവും
പടിഞ്ഞാറു കടലിന്‍ മടിയിലേക്ക്‌
ഉമ്മവച്ചു കരയാന്‍
പേര്‍ത്തും പേര്‍ത്തും ചിണുങ്ങി
ആശ്ലേഷത്തില്‍ അമരാന്‍

കടല്‍കരയില്‍ തനിയെ
കാറ്റേറ്റ് ഇരിക്കുന്നവന്‍
ഇതൊന്നുമേ അറിയാത്തവന്‍
എന്നാര്‍ത്തുവിളിക്കരുത്
ഇരുള്‍ വീണ
പൊന്തക്കാടുകള്‍ ചികഞ്ഞ്‌
തണുത്തുറഞ്ഞ
വ്യാമോഹക്കൂനകളില്‍ കാലിടറി
കുറുകെ ചാടുന്ന
കറുത്തപൂച്ചകളെ ശപിച്ച്
നാണംകെട്ടു തലകുനിച്ചു നിന്ന
രണ്ടായിരത്തി '9' നു
വായ്കരിയിട്ട്‌
രണ്ടായിരത്തി പത്തേ
ഒടുക്കത്തെ പൂജ്യമേ
നീയെന്നെ നിന്നെപ്പോലെ
വട്ടത്തിലാക്കല്ലേ
നിശബ്ദം, ഉച്ചത്തില്‍ കേഴുന്നത്
ആരും കേള്‍ക്കണമെന്നില്ല
എങ്ങാനും പോയ്‌ തുലയ്
എന്നവനോട് ആരങ്കിലും
പറഞ്ഞിട്ടുണ്ടെങ്കില്‍
ആരുമാരും അറിയണമെന്നില്ല

നിര്‍ലജ്ജം തലകുനിച്ചു നിന്നൂ
രണ്ടായിരത്തി '9'
രണ്ടായിരത്തി പത്തേ
ഒടുക്കത്തെ പൂജ്യമേ
നീയെന്നെ നിന്നെപ്പോലെ
വട്ടത്തിലാക്കല്ലേ.....

2009 ഡിസംബർ 12, ശനിയാഴ്‌ച

നിറംമങ്ങുന്ന ചിത്രങ്ങള്‍


ഓമനിക്കാനൊരു വസന്തമെങ്കിലും
ഓര്‍മ്മയില്‍ ശേഷിച്ചതെന്തിന്
കരമറന്നോഴുകും നിളയായ്‌
നീളെ പരന്നോഴുകുന്നതെന്തിന്
മകരത്തണുപ്പിലെ കമ്പിളിച്ചൂടായ്
മൂടിപ്പുതപ്പിക്കുന്നതെന്തിന്

പിറക്കാത്ത പൈതലിനിളം
ചുണ്ടുകള്‍ കിനാവ്‌ കണ്ടുനീ
കനിവോടെ മുലകളില്‍ സ്നേഹം ചുരത്തവേ,
പതഞ്ഞൊഴുകിയ പുതുനീര്‍ചാലുകള്‍
തണുത്തയിക്കിളിയായോരുന്മാദമായ്
തഴുകിത്തഴുകിയുണര്‍ത്തവേ,
കാട്ടുതീപോല്‍ പടര്‍ന്നൊടുവില്‍
നിനക്കായ് തളിരുപോല്‍ തളര്‍ച്ചകള്‍

നമ്മുടെ പൂന്തോട്ടത്തില്‍ പ്രണയം
വിരിഞ്ഞതൊരു ഡിസംബറില്‍
ഇറുത്തെടുത്തങ്കിലത് വാടിയാലോ
എന്നാധിയായ് ശങ്കകള്‍
വിശ്വകാവ്യങ്ങളില്‍ ദുരന്തം
ചമയ്ക്കാന്‍ കുരുതിയായ് പ്രണയം
ഏത് ബലിക്കല്ലില്‍
തലതല്ലിച്ചത്തത് നമ്മുടെ പ്രണയം
മൗനമായുത്തരങ്ങള്‍ പെറ്റുപെരുകവേ
മോഹങ്ങള്‍ വിറ്റുകിട്ടിയോരോട്ടുനാണയം
വിലയായ് നല്‍കിയീ പുനര്‍ജന്മത്തിനായ്

ഉറങ്ങാത്ത ഘടികാരങ്ങള്‍ കുറിച്ചത്
തിരികെവരാത്ത നേരവും കാലവും
കാലത്തിന്‍ രഥച്ചക്രമുരുണ്ടുപോകവേ
കാണാമറയത്തായ്‌ ഗതകാലക്കാഴ്ചകള്‍
ഇന്നുനിന്‍ കണ്തടങ്ങളില്‍ കറുപ്പുരാശിയും
മുടിയിഴകളില്‍ വെളുപ്പുരാശിയും
കൊതിപ്പിച്ച നാലുകണ്ണുകളിലും
മഞ്ഞുകട്ടയുടെ തണുപ്പ്
നീയിപ്പോള്‍ ഏതോ പഴയ
ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രം പോലെ

2009 നവംബർ 20, വെള്ളിയാഴ്‌ച

പച്ചയും ചോപ്പും

കിതച്ചു വിറച്ചു
വണ്ടികള്‍ നിന്നത്
ചുവന്ന വെളിച്ചം ഭയന്ന്‍
ലോഹക്കൂടിനുള്ളില്‍
അലക്കിത്തേച്ച ചിരികളുണ്ട്
മുഷിഞ്ഞു പിഞ്ഞിയ കരച്ചിലുണ്ട്
കൊഞ്ചല്‍ നുണഞ്ഞും
കിനാക്കള്‍ കൊറിച്ചും
തേങ്ങലമര്‍ത്തിയും
കണ്ണുകലങ്ങി, നനഞ്ഞും
കലര്‍ന്നും, പിണഞ്ഞും

പച്ചവെളിച്ചതില്‍
ഒരേ ശ്വാസത്തില്‍
ഒരേ മുരള്‍ച്ചയില്‍
ഒരേ കുതിപ്പാണ് വണ്ടികള്‍
ചിലത്, ദുരിതങ്ങളുടെ
കലങ്ങിയ കാഴ്ചകളിലേക്ക്
മറ്റുചിലത് ഉത്സവങ്ങളുടെ
ഉത്സാഹങ്ങളിലേക്ക്
ഉഷ്ണത്തിന്റെ കറുത്ത
നാവിലൂടെ രണ്ടു വണ്ടികള്‍
ഒന്നില്‍ ഞാനും മറ്റേതില്‍ അലി മന്സൂറും


കടലെണ്ണയുടെ മണമില്ലാത്തവന്‍,
അശാന്തമായ അരക്കെട്ടില്‍
പയ്ജാമക്കുള്ളിലൊരു
തൊട്ടിലാട്ടി നടക്കാത്തവന്‍
ഗോതമ്പ് പാടത്തിന്റെ സ്വര്‍ണ നിറത്തെക്കുറിച്ച്
മഞ്ഞുകാലത്തെ ചുംബനത്തെക്കുറിച്ച്
മകന്റെ ഇഷ്ടങ്ങളെ, കുസൃതികളെക്കുറിച്ച്
ആപ്പിള്‍ തോട്ടത്തിലെ ഒഴിവുകാല രാവുകളിലെ
ആസക്തികളെ, അനുഭൂതികളെ‍ക്കുറിച്ച്
മണ്മറഞ്ഞ മുത്തച്ചന്റെ
ലാല്‍ ചൗക്കിലെ പലഹാരക്കട,
ദല്‍ഹിയിലെ നേരില്‍കാണാത്ത ബന്ധുക്കള്‍,
വാക്കുകള്‍ ഇടറും, തൊണ്ട വരളും.


എന്തുനല്ല സ്റ്റോക്ക്‌ മാര്‍കറ്റ്‌
എത്ര നല്ല സിനിമകള്‍, സിനിമാ നടികള്‍
എത്ര മതങ്ങള്‍, ജാതികള്‍, ഭാഷകള്‍
മതിയാവോളം കലഹിച്ച്
മതിയാവോളം സ്നേഹിച്ചും നിങ്ങള്‍
വെടിവച്ചും ബോംബു പൊട്ടിച്ചും
ഞങ്ങളീ പാക്കിസ്ഥാനികള്‍, ഛെ
തോരാതെ പറഞ്ഞും, കരഞ്ഞും
തോരാതെ സ്നേഹിച്ചും അലി മന്‍സൂര്‍


എന്നെക്കാത്ത് മോനും മോളുമുണ്ടാവും
നെടുമ്പാശ്ശേരിയില്‍,
അവര്‍ക്കുള്ള കളിക്കോപ്പുകള്‍
പെട്ടിയില്‍ കിടന്നു കുറുകുന്നുണ്ട്
തലകുത്തി മറിയുന്നുണ്ട്

അലി മന്‍സൂര്‍ പോകുന്നത് പള്ളിയിലേക്ക്
വെള്ള പുതച്ചു കിടത്തിയിട്ടുണ്ടാവും മകനെ
ബോംബിനു കണ്ണുണ്ടായിരുന്നെങ്കില്‍
കരളുണ്ടായിരുന്നങ്കില്‍ പൊട്ടില്ലായിരുന്നു
കുരുന്നുകള്‍ക്കിടയില്‍, ചിതറില്ലായിരുന്നു
പൊതിച്ചോറും, പുസ്തക സഞ്ചിയും
പകുതിയില്‍ മുറിഞ്ഞു പോകില്ലായിരുന്നു
പുലര്‍കാലം മഞ്ഞുതുള്ളിയെ പ്രണയിച്ച
അവരുടെ പാട്ടുകള്‍

എന്നെക്കാത്ത് മോനും മോളുമുണ്ടാവും
നെടുമ്പാശ്ശേരിയില്‍,
അവര്‍ക്കുള്ള കളിക്കോപ്പുകള്‍
പെട്ടിയില്‍ കിടന്നു കുറുകുന്നുണ്ട്
തലകുത്തി മറിയുന്നുണ്ട്

2009 നവംബർ 6, വെള്ളിയാഴ്‌ച

പ്രണയം മരച്ചുവട് വിട്ടിരിക്കുന്നു

കാറ്റ് മരച്ചില്ലകളില്‍ എന്തോ ചെയ്യുന്നുണ്ട്
ഇക്കിളിയിളക്കത്തിലവ മറന്നുവച്ച
മഴയെ കുടഞ്ഞെറിയുന്നുണ്ട്
പുല്‍നാമ്പുകള്‍ താഴെ തണുത്ത് കുതിരുന്നുണ്ട്
കാറ്റും മഴയും മരച്ചില്ലകളും പഴയതുപൊലെത്തന്നെ
മരച്ചുവട്ടിലെ പ്രണയമിനി പഴയതുപോലാകില്ല
അകാല നരയില്‍ വിഷാദിച്ച് 
സ്വപ്നം പറിച്ചെടുത്ത കണ്ണുമായ്‌ ‍
മറന്നുപോയ പാട്ടുകള്‍ മൂളി....

സിനിമയില്‍ നോവലില്‍ കവിതയില്‍
പണ്ടീമരംചുറ്റി ഓടിയതും പാടിയതും...
ഇന്നിപ്പോള്‍ പുറത്തിറങ്ങാന്‍ വയ്യ
പേരുചോദിക്കുന്നു, പതിയെ പേരിലെ
മതം അരിച്ചെടുക്കുന്നു.
അമര്‍ത്തിപ്പിഴിഞ്ഞതിനെ ചണ്ടിയാക്കുന്നു.
കണ്ണും കാതും മൂക്കുമില്ലാത്ത പ്രണയമേ
ഏതുപള്ളിയിലാണ് നീ കുര്‍ബാന കൊണ്ടത്‌
എവിടെ വച്ചാണ് നീ തൊപ്പിവച്ചത്, കുറി വരച്ചത്
ആദ്യം പേര് ചോദിച്ച് പിന്നെ പേരിലെ
മതം അരിച്ചരിച്ചെടുത്ത്......
പ്രണയ സമരമേ
പന്തയം പെണ്ണിനെ വച്ചുതന്നെ വേണം
എങ്കിലേ ചേല അഴിച്ചഴിച്ചെടുക്കാന്‍ പറ്റൂ.
എങ്കിലേ വെറുമൊരു സമരമായിരുന്ന നിന്നെ
വലിയ യുദ്ധമാക്കി ജയിക്കാന്‍ പറ്റൂ.
----------------------------------------------------
പ്രണയം മരച്ചുവട് വിട്ടിരിക്കുന്നു
ഇപ്പോള്‍ കാറ്റ് മരച്ചില്ലകളില്‍ ഒന്നും ചെയ്യുന്നില്ല
ഇക്കിളിയിളക്കത്തിലവ മറന്നു വെച്ച
മഴയെ കുടഞ്ഞെറിയുന്നില്ല
പുല്‍നാമ്പുകള്‍ താഴെ തണുത്ത് കുതിരുന്നില്ല

Link: http://www.koottam.com/profiles/blog/list?user=3fpn0zo402ybo

2009 ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

വലിയ പക്ഷിയും ചെറിയ ആകാശവും


പക്ഷപുടങ്ങളിലൊളിച്ചിരിക്കും
കൊടുങ്കാറ്റുമായ് വന്ന വലിയ പക്ഷീ
ഈ ചെറു വിഹായസ്സില്‍ ഇടം പോരുമോ
നിനക്കാചിറകൊന്നു വീശീത്തിമര്‍ക്കുവാന്‍
നിന്‍ അഭിവിശ്രുത ഗതിവേഗങ്ങള്‍,
സഞ്ചാര ലാവണ്യ, സൗകുമാര്യം
പ്രയാണ കൗശലങ്ങള്‍,
ഉഷ്ണവാതത്തെ തോല്പിച്ചു
കീഴടക്കിയ ആകാശങ്ങള്‍
അതിവര്‍ത്തിച്ച അമാവാസികള്‍
രാപാര്‍ത്ത ചില്ലകള്‍, ഉഷസ്സുകള്‍ അസ്തമനങ്ങള്‍
കനല്‍ തിളക്കും കണ്ണുമായ് കണ്ട മാമാങ്കങ്ങള്‍

വെറുമൊരു കൗതുകത്തിന്‍റെ കുതൂഹലമാകിലും
നിന്‍ വലിയ ചിറകുകള്‍ അളന്നെടുക്കുന്നൂ
ഈ ചെറു വിഹായസ്സിന്‍ ഇത്തിരി വട്ടം
പഞ്ചവര്‍ണ്ണക്കിളീ നീ അഴകാണ്, അലയാണ്...........
ഇല്ല ആകുന്നില്ല, ഭംഗി കുറിക്കുവാന്‍ ഭയം
തടയുന്നൂ ചൂണ്ടുവിരലിനെ.

ഇവിടെയീ ചെറിയ മാനത്ത് വെറും
വെറുതെയൊന്നു പറക്കാന്‍ കൊതിക്കുന്ന
ചെറുകിളികളുണ്ടവ ബഹുവര്‍ണ്ണ
വൃത്തങ്ങളില്‍ അഭിരമിച്ചിട്ടില്ല
ചതുഷ്ക്കോണങ്ങളില്‍ ഇളം കാറ്റേറ്റിരുന്നിട്ടില്ല
ഗദ്യത്തിന്‍റെ ത്രിമാനങ്ങള്‍ തീര്‍ത്തിട്ടില്ല
വക്രരേഖകളിലൂടെ ചില
''അനര്‍ത്ഥവേളകളിലെ'' കുറിയ
അപഥ സഞ്ചാരങ്ങള്‍ മാത്രം.
വലിയ പക്ഷികള്‍ ദീപ്തമാക്കട്ടെ
ഈ ചെറു വിഹായസ്സ്
പക്ഷെ ഒരു പണിക്കരും ഗണിച്ചേക്കരുത്
പറക്കലും പക്ഷികളും ഇങ്ങിനെയല്ലെന്ന്

2009 ഒക്‌ടോബർ 18, ഞായറാഴ്‌ച

തടവുകാരന്‍

പ്രിയേ നീ നിന്റെ
ഹൃദയ വാതിലുകള്‍ എനിക്കായ്‌ തുറക്കുക
അതിന്‍ ചുമരിലെന്‍ പേര്‍ കൊത്തിവെക്കണം
മായാതെ കിടക്കണമത് മരണം വരെ
നിന്റെ ഉള്ളില്‍ ഞാനുണ്ടാവുക
അതില്‍‍പരമെന്തെനിക്കീ ജന്മത്തില്‍...

അവളപ്പോള്‍ പറഞ്ഞതിങ്ങനെ; പ്രിയാ
ഒരു വേള നീ അറിഞ്ഞു കാണില്ല
അന്ധനായ ഭ്രാന്തനെപ്പോലൊരുനാള്‍
എന്റെ ഹൃദയ വാതില്‍ പൊളിച്ചുള്ളില്‍കടന്നത്‌
നിന്റെ നഖപ്പാടുകള്‍, നിശ്വാസങ്ങള്‍,
കിനാവുകള്‍ എല്ലാമെന്നുളളിലാണിപ്പോള്‍
നിന്റെ പരാക്രമം എന്നെ ചകിതയാക്കുന്നു
വന്ന വേഗത്തില്‍ നീ പുറത്തേക്ക് പോകുമോ?
എന്റെ ഹൃദയത്തിനിപ്പോള്‍ വാതിലുകളേയില്ല
ആരുമിനി അകത്തു വരേണ്ട പുറത്തേക്കും
വാതിലുകള്‍ അകത്തേക്ക് കയറാന്‍ മാത്രമല്ല
പറത്തേക്കു പോകാന്‍ കുടെയെന്നതാണ് സത്യം
------------------------------------------------------
ഇപ്പോള്‍ ശ്വസിക്കുന്നത് തടവറയുടെ ഗന്ധം,
സംസാരിക്കുന്നത് തടവറയുടെ മൌനത്തോട്

2009 ഒക്‌ടോബർ 14, ബുധനാഴ്‌ച

ദുര്‍ഗന്ധം

നുരയുന്ന മദ്യം
നുരയുന്ന ജീവിതം
പതമാറ്റി ചുണ്ടില്‍
വച്ചപ്പോള്‍ എരിച്ചില്‍
ആദ്യമൊരു ലഹരി
പിന്നെയതൊരു ശീലം
പോകെ പോകെ കുടിക്കുന്നത്
ആര്‍കാനും വേണ്ടിയോക്കാനിക്കാന്‍
ഇപ്പോള്‍ കുടിക്കാനില്ല കൊതി ജീവിക്കാനും
ആര്‍കാനും വേണ്ടി ജീവിച്ച് ജീവിച്ച്
ഓക്കാനമാണോ ജീവിതമാണോ
ഇതെന്നശങ്കയില്‍ അങ്ങിനെ....

ജീവിച്ചു തീര്ത്തതിന്റെ
ജീര്‍ണിക്കാത്ത അവശിഷ്ടങ്ങള്‍
അസഹ്യമായ ദുര്‍ഗന്ധം
പരത്തുന്നതുകൊണ്ടാവാം
ആളുകള്‍ തമ്മില്‍ കൂടുതല്‍
അടുക്കാത്തതും പെട്ടന്നകലുന്നതും
Powered By Blogger

എന്നെക്കുറിച്ച്

ഈ ബ്ലോഗ് തിരയൂ